സീറ്റ് നിഷേധിച്ചത് അനീതി; എങ്കിലും പിളരാനില്ല: പി.ജെ ജോസഫ്

തൊടുപുഴ ∙ കേരള കോൺഗ്രസ് (എം) നേതൃത്വം തന്നോട് അനീതി കാട്ടിയെന്നു വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. വൈസ് ചെയർമാൻ ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയ കീഴ്‌വഴക്കമല്ല തന്റെ സ്ഥാനാർഥിത്വ കാര്യത്തിലുണ്ടായത്.

ഒത്തുതീർപ്പു നീക്കങ്ങളുടെ ഭാഗമായി കൈപ്പത്തി ചിഹ്നത്തിൽ ഇടുക്കിയിൽ മത്സരിപ്പിക്കാമെന്നു കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തനിക്ക് അതു സ്വീകാര്യമായിരുന്നില്ല. ‘സ്വന്തം പാർട്ടിയെ വിട്ട് ഒരു ഒത്തുതീർപ്പിനും തയാറാല്ല,  കേരള കോൺഗ്രസ് ആണ് എന്നെ വളർത്തിയത്. സ്ഥാനാർഥിത്വത്തിന്റെ പേരിൽ പാർട്ടി പിളർത്തില്ല. യുഡിഎഫിൽ നിന്നു മാറാനും താൽപര്യമില്ല’ – ജോസഫ് പറഞ്ഞു. 

പത്രസമ്മേളനത്തിൽ നിന്ന്:

‘ഇത് കീഴടങ്ങലല്ല. എന്റെ സ്ഥാനാർഥിത്വം അട്ടിമറിച്ച ദുഷ്ടശക്തികളെ പരാജയപ്പെടുത്തും. പാർട്ടിക്കുള്ളിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിനായി പോരാട്ടം തുടരും. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. സമചിത്തതയോടെ പ്രശ്നങ്ങൾ നേരിടും. പാർട്ടിക്കുള്ളിലെ ദുഷ്ടശക്തികൾ ആരാണെന്നു പേരുകൾ പറയുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. കോട്ടയമോ ഇടുക്കിയോ ചാലക്കുടിയോ ആണ് ആവശ്യപ്പെട്ടത്. പാർട്ടിയുടെ വർക്കിങ് ചെയർമാൻ എന്ന നിലയിൽ ലളിതമായ തീരുമാനം ഉണ്ടാകുമെന്നാണു കരുതിയത്. പാർട്ടിയുടെ ഒരു സമിതിയിലും മറ്റൊരു പേര് ഉയർന്നു വന്നില്ല. എന്നാൽ പതിവില്ലാത്ത നീക്കങ്ങൾ നടത്തിയാണ് എന്നെ ഒഴിവാക്കിയത്.

ജോസ് കെ. മാണിയെ സ്ഥാനാർഥിയാക്കിയ രീതിയിലാണെങ്കിൽ പാർലമെന്ററി പാർട്ടിയിൽ ഇതു തീരേണ്ടതായിരുന്നു.  അതുണ്ടായില്ല. കോട്ടയത്തിനു പുറത്തുള്ള സ്ഥാനാർഥി പറ്റില്ലെന്നാണു ചെയർമാൻ കെ.എം. മാണി പറഞ്ഞത്. എന്നെ മനഃപൂർവം മാറ്റി നിർത്താനായി പ്രാദേശിക വാദം ഉയർത്തിയതാണ്. ഇതിനായി കീഴ്‌വഴക്കങ്ങൾ മറന്നു. പ്രശ്നം പരിഹരിക്കാൻ കോട്ടയത്തിനു പകരം ഇടുക്കി എന്ന ആശയം യുഡിഎഫിന് മുന്നിൽവച്ചു, എന്നാൽ ജോസ് കെ. മാണി യുഡിഎഫുമായി ചർച്ചയ്ക്കു പോലും തയാറായില്ല.

കോട്ടയത്തെ സ്ഥാനാർഥി തോമസ് ചാഴികാടന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. സ്ഥാനാർഥി പ്രഖ്യാപനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥിയും വിജയിക്കും.’

മോൻസ് ജോസഫ് എംഎൽഎ: 

പൊതുസ്വതന്ത്രനായി മത്സരിക്കാൻ കോൺഗ്രസ് നിർദേശിച്ചെങ്കിലും കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ എന്ന നിലയിൽ അക്കാര്യം പി.െജ. ജോസഫിനു സ്വീകാര്യമായിരുന്നില്ല.