പ്രണയം സ്ഥിരീകരിച്ച് ആര്യയും സയേഷയും; കല്ല്യാണം അടുത്തമാസം; വിവാദം

arya-sayesha-marriage

ആരാധകർ കാത്തിരുന്ന ആ വാർത്ത സ്ഥിരീകരിച്ച് തെന്നിന്ത്യൻ ആര്യ.  കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യയും സയേഷയും  പ്രണയദിനത്തിൽ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. വിവാഹവാർത്ത ആരാധകരെ അറിയിക്കാൻ പ്രണയദിനം തന്നെയാണ് ആര്യയും സയേഷയും തിരഞ്ഞെടുത്തത്. ഹൈദരാബാദിൽവച്ചാകും വിവാഹം

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ െസറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാൽ–സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോയും സംഘടിപ്പിച്ചിരുന്നു. ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.