സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ> പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  വേനല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

വേനല്‍, ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല,  പുരാവൃത്തം, വചനം,ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത  മറ്റുചിത്രങ്ങള്‍. ഡോ രമണിയാണ് ഭാര്യ, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍

എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും അദ്ദേഹം നേടി. ഒറ്റപ്പാലം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായി തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ പഠനം. പഠന കാലത്ത് കാലത്ത് എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.

‘ദൈവത്തിന്റെ വികൃതികള്‍’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള  സിനിമയായിരുന്നു. കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്രം. 2003 ല്‍ പുറത്തിറങ്ങിയ ‘അന്യര്‍’  കേരളത്തിലെ  വര്‍ഗീയ ധ്രുവീകരണണമാണ് ചര്‍ച്ച ചെയ്‌തത്‌ 


മറ്റു വാർത്തകൾ