സ്‌കൂള്‍ കലോത്സവത്തില്‍ സാമ്പത്തികവിപ്ലവം! സര്‍ക്കാരിനു മുടക്ക് 6 ലക്ഷം; അപ്പീലിലൂടെ …

uploads/news/2018/12/270814/school-fest.jpg

തിരുവനന്തപുരം: പ്രളയം മുക്കിയ ആലപ്പുഴയില്‍ നടക്കുന്നത് അപ്പീലുകളിലൂടെ വിദ്യാര്‍ഥികളില്‍നിന്ന് ഊറ്റിയെടുത്ത പണം കൊണ്ടു നടത്തുന്ന കലോത്സവം. 50 ലക്ഷത്തില്‍ താഴെയായി ചെലവു ചുരുക്കിയതില്‍ 43 ലക്ഷവും വിദ്യാര്‍ഥികളുടെ അപ്പീല്‍പണമാണ്. സര്‍ക്കാരിനു ചെലവ് വെറും ആറു ലക്ഷം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കി മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതിയോളമാക്കിയെന്ന് ആശ്വസിക്കാം.

ഇത്തവണ പരമാവധി 49 ലക്ഷം രൂപയാണു സംഘാടകസമിതി ചെലവു പ്രതീക്ഷിക്കുന്നത്. ചെലവു ചുരുക്കാന്‍ പല വഴിയില്‍ ശ്രമിച്ചു. അപ്പീല്‍ ഇനത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളില്‍നിന്നു പിടിച്ചുപറിച്ചത് 43,04,000 രൂപയാണ്, 2000 രൂപ വീതം 2152 അപ്പീലുകള്‍. ഇതില്‍ അനുമതി നല്‍കിയത് 288 എണ്ണത്തിനു മാത്രം. എന്നാല്‍ ഇവര്‍ക്കു കെട്ടിവച്ച പണം മടക്കിക്കിട്ടണമെങ്കില്‍ കടമ്പകളേറെ കടക്കണം. അപ്പീലുകള്‍ അനുവദിക്കാതിരുന്നതിനു മന്ത്രി സി. രവീന്ദ്രനാഥിന്റെ കണ്ടുപിടിത്തം വിചിത്രമാണ്.

റവന്യൂ ജില്ലാ കലോത്സവങ്ങളിലെ വിധിനിര്‍ണയം ശാസ്ത്രീയമായിരുന്നതിനാലാണ് അപ്പീലുകള്‍ തള്ളപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകണം. പരമാവധി 10 ശതമാനം അപ്പീലുകളേ അനുവദിക്കാവൂ എന്നു ഡി.ഡിമാര്‍ക്കു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അപ്പീലുകള്‍ അനുവദിക്കുന്നതു കുറയ്ക്കാനാണു തീരുമാനമെങ്കില്‍ ആയിരക്കണക്കിന് അപ്പീലുകള്‍ വാങ്ങിവച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ ജില്ലവരെ കലാപ്രകടനത്തിനു കുട്ടികള്‍ക്ക് ആയിരങ്ങള്‍ ചെലവുവരും.

അതിനു പുറമേയാണ് അപ്പീലിനായി 2000 രൂപ കണ്ടെത്തേണ്ടിവന്നത്. പലരും കടംവാങ്ങിയാണു പണമുണ്ടാക്കിയത്. അപ്പീലുകള്‍ കാര്യമായി അനുവദിക്കില്ലെന്നു നിര്‍ദേശം വന്നതോടെ ജില്ലാ കലോത്സവങ്ങളില്‍ വന്‍ അഴിമതിയാണ് അരങ്ങേറിയത്. നൃത്തയിനങ്ങളിലടക്കം ഒന്നാം സ്ഥാനം നല്‍കാനായി പലയിടത്തും ഇടനിലക്കാര്‍ ലക്ഷങ്ങള്‍ െകെപ്പറ്റി. കെ.എസ്.ടി.എയ്ക്കാണ് ഭക്ഷണത്തിന്റെ ചുമതല. മൂന്നു ദിവസവും സൗജന്യമായാണു ഭക്ഷണം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ഭക്ഷണത്തിന് 25 ലക്ഷമായിരുന്നു ചെലവ്. ഘോഷയാത്ര ഒഴിവാക്കിയതോടെ വലിയ തുക ലാഭിച്ചു. ഉദ്ഘാടന, സമാപന സമ്മേളനങ്ങളില്ല. സ്വര്‍ണക്കപ്പും ട്രോഫികളും ഒഴിവാക്കി. സര്‍ട്ടിഫിക്കറ്റ് മാത്രമാണു ഗ്രേഡ് ജേതാക്കള്‍ക്കു നല്‍കുന്നത്. കലോത്സവം മൂന്നു ദിവസമായി ചുരുക്കിയതിലൂടെയും ചെലവു കുറയും. വേദികള്‍ 29 എണ്ണം ഉണ്ടെങ്കിലും സ്‌കൂളുകളിലെ ഓഡിറ്റോറിയങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അധികച്ചെലവില്ല. പ്രധാന വേദിയായ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍മാത്രമാണു പന്തലുള്ളത്.

ഉപസമിതികളുടെ എണ്ണം ഇരുപത്തൊന്നില്‍നിന്ന് 12 ആക്കിയതോടെ ചെലവു കുറഞ്ഞു. മാധ്യമങ്ങള്‍ക്കുള്ള പവിലിയനുകള്‍ കെ.എസ്.എഫ്.ഇ. സൗജന്യമായി നിര്‍മിച്ചുനല്‍കി. കഴിഞ്ഞ വര്‍ഷം 28 ലക്ഷം ചെലവായ ശബ്ദവും വെളിച്ചവും ഇക്കൊല്ലം 13 ലക്ഷത്തിനാണു കരാറാക്കിയത്.

Ads by Google