സ്കൂള്‍ കലോത്സവം: 44 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തൃശൂര്‍ ഒന്നാം സ്ഥാനത്ത്

ആലപ്പുഴ ∙ ജലോത്സവ നഗരിയിലെ കലോത്സവത്തിൽ ഒന്നാം ദിനം 44 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 177 പോയിന്റുമായി തൃശൂർ ആധിപത്യം തുടരുന്നു. 171  പോയിന്റോടെ കോഴിക്കോട് രണ്ടും 168 പോയിന്റോടെ പാലക്കാട് മൂന്നും സ്ഥാനങ്ങളിലെത്തി

അപ്പീലുകളുടെ എണ്ണത്തിൽ വർധനയുണ്ടായതോടെ മത്സരങ്ങൾ വൈകിയാണ് പൂർത്തിയാകുന്നത്. വൈകിട്ട് 7:30 വരെ 400 മൽസരാർഥികൾ അപ്പീലിലൂടെ എത്തി. പ്രധാന വേദിയിൽ രാവിലെ ആരംഭിച്ച കേരള നടനത്തിൽ അപ്പീൽ പ്രളയമായിരുന്നു. അപ്പീലുകൾ ഉൾപ്പെടെ 28 മൽസരാർഥികൾ എത്തിയപ്പോൾ മൽസരം മണിക്കൂറുകൾ വൈകി 6:30 ഓടെയാണ് മൽസരം അവസാനിച്ചത്. ഇതേ വേദിയിൽ മൂന്നിന് ആരംഭിക്കേണ്ട എച്ച്എസ് ബോയ്സ് വിഭാഗത്തിന്റെ ഭരതനാട്യം വൈകിട്ട് ഏഴരയോടെയാണ് തുടങ്ങിയത്.

തിരുവമ്പാടി ഗവ. യുപിഎസിലെ നാടൻപാട്ടു വേദിയിൽ കർട്ടൻ ഇല്ലാത്തതിനെ തുടർന്നു പ്രതിഷേധവും വാക്കേറ്റവും ഉണ്ടായി. മത്സരാർഥികൾ വേദിക്കു സമീപം നാടൻപാട്ടു പാടി പ്രതിഷേധിച്ചതോടെ മത്സരം തുടങ്ങാൻ വൈകി. തുടർന്നു കർട്ടൻ ഒരുക്കിയാണു പ്രശ്നം പരിഹരിച്ചത്. ചില വേദികളിൽ വിധികർത്താക്കൾക്കെതിരെയും ആരോപണങ്ങൾ ഉണ്ടായി.

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ… ഇർറോ

മത്സരാർഥികളുമായി വാഹനങ്ങൾ എത്തിയതോടെ നഗരത്തിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതു വേദികളിലേക്കുള്ള യാത്രയിൽ മത്സരാർഥികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

തബല മത്സരവേദിയിൽ ഫലപ്രഖ്യാപനത്തെച്ചൊല്ലി രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ വിഭാഗം തബല മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ 2 A ഗ്രേഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് വിധികർത്താക്കളെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചത്.

‘കിതാബ്’ നാടകം മത്സരത്തിനെത്തുമെന്ന വിവരത്തെ തുടർന്നു നാടക മത്സരവേദിയിൽ സ്പെഷൽ ബ്രാഞ്ച് നിരീക്ഷണം ശക്തമാക്കി. കാണികൾക്കിടയിൽ നിന്നു പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയെ തുടർന്നാണു നിരീക്ഷണം. മഫ്തിയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ ‘കിതാബ്’ മത്സരത്തിനുണ്ടാകില്ലെന്നാണ് പുതിയ വിവരം.

സ്കൂൾ കലോത്സവ ചിത്രങ്ങൾ കാണാം…