ഗോകുലത്തിന് 'മലയാളിപ്പാര'; ഈസ്റ്റ് ബംഗാളിനോട് തോറ്റ് പിന്നോട്ട് (1–3)

കൊൽക്കത്ത∙ ഐലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് സീസണിലെ രണ്ടാം തോൽവി. കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളാണ് ഗോകുലത്തിന് സീസണിലെ രണ്ടാം തോൽവി സമ്മാനിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. ആദ്യപകുതിയിൽ ആതിഥേയർ രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. രണ്ടാം ഗോൾ നേടുകയും ആദ്യ ഗോളിനു വഴിയൊരുക്കുകയും ചെയ്ത മലയാളി താരം ജോബി ജസ്റ്റിനാണ് ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയമൊരുക്കിയത്.

പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മികവു പുലർത്തിയാണ് ഈസ്റ്റ് ബംഗാൾ സീസണിലെ മൂന്നാം ജയം കുറിച്ചത്. ബ്രണ്ടൻ വാൻലാൽറെംഡിക (നാല്), മലയാളി താരം ജോബി ജസ്റ്റിൻ (14), ലാൽറാംചുല്ലോവ (82) എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി സ്കോർ ചെയ്തത്. ഗോകുലത്തിന്റെ ആശ്വാസ ഗോൾ ക്രിസ്റ്റ്യൻ സാബാ (57) നേടി.

സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ഗോകുലം ഏഴു കളികളിൽനിന്ന് ഒൻപതു പോയിന്റുമായി എട്ടാം സ്ഥാനത്തേക്കു വീണു. ഈസ്റ്റ്  ബംഗാളാകട്ടെ ആറു മൽസരങ്ങളിൽനിന്ന് ഒൻ‌പതു പോയിന്റുമായി ആറാം സ്ഥാനത്തെത്തി.