'കലോത്സവ പോസ്റ്ററില്‍നിന്ന് SL പുരത്തെ ഒഴിവാക്കിയത് ഈഴവനായതുകൊണ്ടോ?'

'കലോത്സവ പോസ്റ്ററിൽനിന്ന് S.L പുരത്തെ ഒഴിവാക്കിയത് ഈഴവനായതുകൊണ്ടോ?'
Updated: December 5, 2018, 9:08 PM IST

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററിൽ ഫോട്ടോ ഇല്ലാത്തതിൽ പ്രതിഷേധവുമായി പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൽ പുരം സദാനന്ദന്‍റെ മകനും സംവിധായകനുമായ വൈ.എസ് ജയസോമ. സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട പോസ്റ്റർ ചൂണ്ടിക്കാട്ടിയാണ് എസ്.എൽ പുരത്തിന്‍റെ മകൻ രംഗത്തെത്തിയത്. തകഴി, കാവാലം, വയലാർ, പത്മരാജൻ എന്നിവർക്ക് ഇടംനൽകിയ പോസ്റ്ററിൽ എന്തുകൊണ്ടാണ് എസ്.എൽ പുരം ഇല്ലാത്തത്? ജാതിയുടെ അടിസ്ഥാനത്തിലാണോ ഈ വിവേചനം? ഈഴവനായതുകൊണ്ടാണോ അദ്ദേഹത്തെ തഴഞ്ഞത്? എസ് എല്‍ പുരം സദാനന്ദന്‍ ആലപ്പുഴക്കാരന്‍ അല്ലേ? പോസ്റ്ററില്‍ ഫോട്ടോ വയ്ക്കാനുള്ള സൗന്ദര്യം ഇല്ലേ? എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങൾ ജയസോമ ഉന്നയിക്കുന്നു. പന്തലിന് കാട്ടുകുതിര എന്ന് പേരിട്ടതിനെയും ജയസോമ വിമർശിക്കുന്നു. എന്തുകൊണ്ട് ആ കുതിരുയടെ പടിവെയ്ക്കുന്നില്ലയെന്നും അവർ ചോദിക്കുന്നു. ചെമ്മീൻ, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള എസ്.എൽ പുരത്തെ മുമ്പ് ചെമ്മീന്‍റെ വാർഷികം ആലപ്പുഴയിൽ നടന്നപ്പോഴും ഒഴിവാക്കിയത് ജയസോമ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞുങ്ങളുടെ കലാമേളയിലെ ജാതിവേചനം പരിഹരിച്ചിട്ടുപോരേ വലിയ ഇടങ്ങളിലെ ജാതിവിവേചനത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്നും ചോദിച്ചുകൊണ്ടാണ് ജയസോമയുടെ കുറിപ്പ് അവസാനിക്കുന്നത്.

‘മോഷണത്തെ അപലപിക്കാനുള്ള ആത്മബലമില്ലെങ്കിൽ, മിണ്ടാതിരിക്കണം’ Loading…

വൈ.എസ് ജയസോമയുടെ കുറിപ്പ് പൂർണരൂപം

പന്തല്‍ അലങ്കരിക്കാന്‍ മാത്രം ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ? എസ് എല്‍ പുരം സദാനന്ദന്‍ ആലപ്പുഴക്കാരന്‍ അല്ലേ ??പോസ്റ്ററില്‍ ഫോട്ടോ വയ്ക്കാനുള്ള സൗന്ദര്യം ഇല്ലേ ??? അതിനുള്ള യോഗ്യത അദ്ദേഹത്തിന് ഇല്ലേ ?? പന്തലിന് പേരിട്ടു. കാട്ടു കുതിര. പക്ഷേ ആ കുതിരയുടെ പടംവയ്ക്കില്ല. പന്തലിനു പേരിടാന്‍ മാത്രം ഉതകുന്ന ഒരു പേര് മാത്രം ആണോ ?? ഇനി ജാതിയുടെ അടിസ്ഥാനത്തില്‍ ആണോ ഈ വിവേചനം ??? ഉയര്‍ന്ന ജാതിയില്‍ ജനിച്ച കലാകാരന്‍മാരുടെ കൂടെ ഈ ഈഴവ ജാതിയില്‍ ജനിച്ച ഈ കലാകാരന്റെ ഫോട്ടോ വെക്കാന്‍ പാടില്ലേ ?? ഇപ്പോഴും ജാതി തിരിവ് ഉണ്ടോ ???

ഇപ്പോള്‍ നമ്മള്‍ കമ്മ്യൂണിസ്റ്റുകാരല്ലേ ഇവിടെ ഭരിക്കുന്നത് ? എസ് എല്‍ പുരം പഴയ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നു കേട്ടിട്ടുണ്ട്. അതോ അതും മാറ്റിയോ? ജാതി പറഞ്ഞു എന്ന് ആര്‍ക്കെങ്കിലും തോന്നിയോ? തോന്നിയെങ്കില്‍ നന്നായി’ കാണിക്കുന്നതല്ലേ പറയാന്‍ പറ്റു.

തിരക്കഥക്ക് മലയാളത്തിനു ആദ്യ ദേശീയ അവാര്‍ഡ് നേടി കൊടുത്ത ആള്‍. ഒരേ വര്‍ഷം പ്രസിഡന്റ് ന്റെ സ്വര്‍ണ
മെഡലും വെള്ളി മെഡലും നേടിയ സിനിമകള്‍ക്ക് തിരക്കഥ സംഭാഷണം രചിച്ചത് ഇദ്ദേഹം ആയിരുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കഥ സംഭാഷണം രചിച്ച എഴുത്തുകാരന്‍ ഇദ്ദേഹം.

നിരവധി സ്റ്റേറ്റ് അവാര്‍ഡുകള്‍ സിനിമയ്ക്കും നാടകത്തിനും ഇദ്ദേഹം നേടി .മറ്റ് അനേകം പുരസ്‌കാരങ്ങളും സംഗീത നാടക അക്കാദമി അവാര്‍ഡ് സാഹിത്യ അക്കാദമി അവാര്‍ഡ് പിന്നെ സ്വാതന്ത്ര്യ സമര സേനാനിയും’
ചെമ്മീന്‍ സിനിമയുടെ തിരക്കഥ സംഭാഷണം. യവനിക സിനിമയുടെ തിരക്കഥ സംഭാഷണത്തിന് സ്റ്റേറ്റ് അവാര്‍ഡ്

ഇത്രയും ഒന്നും പോരെ എസ്എല്‍ പുരത്തിന് ഈ പോസ്റ്ററില്‍ ഇരിക്കുന്ന മഹാ കലാകാരന്മാര്‍ക്ക് ഒപ്പം ഒരു ഫോട്ടോ ആയിട്ടിരിക്കാനുള്ള യോഗ്യത?????

പണ്ട് ആലപ്പുഴയില്‍ ചെമ്മീന്‍ സിനിമയുടെ ആഘോഷം നടന്നപ്പോള്‍ ആ സിനിമയുടെ നട്ടെല്ല് ആയ തിരക്കഥയും സംഭാഷണവും എഴുതിയ എസ് എല്‍ പുരത്തെ ഒഴിവാക്കിയിരുന്നു. അത് അന്ന് ചെയ്യിപ്പിച്ചത് അതിന്റെ കഥാകൃത്തായിരുന്നു എന്ന് അച്ഛന്‍ ഒരിക്കല്‍ പത്രത്തില്‍ എഴുതിയിട്ട് നിഷേധിക്കാനോ എതിര്‍ക്കാനോ തിരുത്താനോ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയം ആണ്. അന്ന് അത് സംഘടിപ്പിച്ച സoഘാടകര്‍ ആണ് ഈ വിവരം അച്ഛനോട് പറഞ്ഞത് ‘

ഈ കുഞ്ഞുങ്ങളുടെ കലാമേളയിലെ ജാതിവിവേചനം മാറ്റി അവര്‍ക്ക് ഒരു നല്ല സന്ദേശം നല്‍കിയിട്ട് പോരെ വലിയ വലിയ ഇടങ്ങളിലെ ജാതിവിവേചനത്തിനെതിരെ പ്രസംഗിക്കാന്‍. ഒരു പന്തല് കലാകാരനാക്കി അച്ഛനെ മാറ്റല്ലേ ‘

ആദരിച്ചില്ലേലും അപമാനിക്കരുത്…

Y.S ജയ സോമFirst published: December 5, 2018