ഐ ലീഗ്‌ : ഗോകുലം ഇന്ന‌് ഈസ‌്റ്റ‌് ബംഗാളിനോട‌്

 

കൊൽക്കത്ത

ഐ ലീഗിൽ ഇന്ന‌് ഗോകുലം കേരള എഫ്സി കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട‌് അഞ്ചിന‌് കൊൽക്കത്തയിലാണ‌് മത്സരം. ചർച്ചിൽ ബ്രദേഴ‌്സിനെ സമനിലയിൽ തളച്ചശേഷമാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങുന്നത്. കൊൽക്കത്തൻ ടീമിനെ തോൽപ്പിച്ചാൽ ലീഗിൽ രണ്ടാംസ്ഥാനത്തേക്ക‌് തിരിച്ചെത്താൻ ഗോകുലത്തിന‌് സാധിക്കും. ഈ സീസണിൽ ഒരു കളി മാത്രമേ ഗോകുലം തോറ്റിട്ടുള്ളൂ. എസ‌് രാജേഷും അർജുൻ ജയരാജും അടക്കമുള്ള മലയാളി താരങ്ങളുടെ മികവിലാണ‌് ഗോകുലത്തിന്റെ കുതിപ്പ‌്. കരുത്തരായ മോഹൻ ബഗാനെയും നെരോകയെയും സമനിലയിൽ കുരുക്കിയ ഗോകുലം, ചാമ്പ്യൻമാരായ മിനർവ പഞ്ചാബിനെയും ഷില്ലോങ‌് ലജോങ‌് എഫ‌്സിയെയും തോൽപ്പിച്ചു. പട്ടികയിൽ ഒന്നാമതുള്ള ചെന്നൈ സിറ്റിയോട‌് മാത്രമാണ‌് സീസണിൽ തോൽവി വഴങ്ങിയത‌്.

തുടർച്ചയായ നാലാം തോൽവി ഒഴിവാക്കുകയാണ‌് ഇൗസ‌്റ്റ‌് ബംഗാളിന്റെ ലക്ഷ്യം. അവസാനത്തെ മൂന്നു കളിയിലും ഈസ‌്റ്റ‌് ബംഗാളിന‌് അടിപതറി. ആദ്യത്തെ രണ്ടു മത്സരങ്ങൾ ജയിച്ച‌് നന്നായി തുടങ്ങിയെങ്കിലും പിന്നീട‌് വിജയവഴിയിൽ തിരിച്ചെത്താൻ ഈസ‌്റ്റ‌് ബംഗാളിനായില്ല. ഇതിനുമുമ്പ‌് പരസ‌്പരം ഏറ്റുമുട്ടിയപ്പോൾ ഒരോ തവണ ഇരുടീമും ജയിച്ചു.


മറ്റു വാർത്തകൾ