നെഹ്റു ട്രോഫി പായിപ്പാടന്‍ ചുണ്ടന്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ പായിപ്പാടൻ ചുണ്ടൻ ജേതാക്കളായി. വാശിയേറിയ മൽസരത്തിൽ ചമ്പക്കുളം ചുണ്ടനെയും ആയാംപറമ്പ് ചുണ്ടനെയും തെക്കേതിൽ ചുണ്ടനെയും പിന്നിലാക്കിയാണ് പായിപ്പാടൻ ചുണ്ടൻ ജേതാവായത്. 

നാല് മിനിട്ട് 29 സെക്കൻഡ് കൊണ്ടാണ് 1100 മീറ്റർ ദൂരം കുമരകം ബോട്ട് ക്ലബിന്‍റെ പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞത്. നാലാം തവണയാണ് പായിപ്പാടൻ നെഹ്റു ട്രോഫി നേടുന്നത്. 2005, 2006, 2007 വർഷങ്ങളിൽ ഹാട്രിക് നേടിയിരുന്നു.

ആലപ്പുഴ ബോട്ട് ക്ലബിന്‍റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. യുനൈറ്റഡ് ബോട്ട് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാംപറമ്പ് പാണ്ടി ചുണ്ടൻ മൂന്നാം സ്ഥാനവും എൻ.സി.ഡി.സി ബോട്ട് ക്ലബ് കുമകരകത്തിന്‍റെ ചമ്പക്കുളം ചുണ്ടൻ നാലാം സ്ഥാനവും നേടി. 

ഗവർണർ പി. സദാശിവം വള്ളംകളി ഉൽഘാടനം ചെയ്തു. തെന്നിന്ത്യൻ ചലച്ചിത്ര താരം അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളും മുഖ്യാഥിതികളായി.